എന്താണ് ഇറാനിൽ നടക്കുന്നത്?

സെപ്റ്റംബർ 14, 2022. ഇറാനിലെ കുർദ്ധിസ്ഥാൻ പ്രവിശ്യയിലെ മഹ്സ അമിനി എന്ന 22 വയസ്സുകാരിയെ ഇറാനിലെ "സദാചാര പോലീസ് " അറസ്റ്റ് ചെയ്തു.

തന്റെ ഇരുപത്തിമൂന്നാം പിറന്നാളിന് മുൻപ് തെഹ്റാൻ നഗരം സന്ദർശിക്കാൻ എത്തിയതായിരുന്നു അമിനി. മുടി മുഴുവനായും മറയ്ക്കാത്തതായിരുന്നു അറസ്റ്റിനു കാരണം. അമിനി അറസ്റ്റിനെ ശക്തമായി എതിർത്തു. എന്നാൽ ഇസ്ലാമിക്‌ ഭരണകൂടത്തിന് വേണ്ടി പോലീസ് അവളെ തല്ലിച്ചതച്ചു.

പോലീസ് ജീപ്പിലേക്ക് വലിച്ചിട്ടു അവർ അവളെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. യാത്രയ്ക്കിടെ ജീപ്പിലും പിന്നീട് സ്റ്റേഷനിലും അസ്വസ്ഥത പ്രകടിപിച്ച അവളുടെ അഭ്യർത്ഥനകൾ  പോലീസ് മാനിച്ചില്ല. വൈകാതെ അമിനി കോമയിലേക്ക് പോയി. അപ്പോൾ അവളെ അവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകി പോയിരുന്നു. രണ്ടു ദിവസത്തെ അബോധാവസ്ഥക്ക് ശേഷം അമിനി മരണത്തിനു കീഴടങ്ങി.

അവസാന നിമിഷങ്ങളിൽ അമിനി സഹിച്ച വ്യഥ എന്തായിരിക്കും? കടുത്ത മർദ്ദനം, മാനസിക പീഡനം,  വേണ്ടപ്പെട്ടവരെ അവസാനമായി കാണാൻ ആകാതെ മരണത്തിലേക്കുള്ള യാത്ര.

എന്നാൽ ഈ അതിക്രമം ഇറാനിയൻ ജനതയെ, പ്രത്യേകിച്ച് സ്ത്രീകളെ പിടിച്ചുലച്ചു. ഏതു നിമിഷവും തങ്ങളിൽ ഒരാൾക്ക് ഇത് സംഭവിക്കാം എന്ന് അവർ തിരിച്ചറിഞ്ഞു. സ്ത്രീകളെ അടിച്ചമർത്തുന്ന, മനുഷ്യ ജീവന് വിലകൽപ്പിക്കാത്ത, പൗര സ്വാതന്ത്ര്യത്തെ ബഹുമാനിക്കാത്ത ആ ഭരണം അവസാനിക്കുക തന്നെ വേണം എന്ന് അവർ നിശ്ചയിച്ചു.

അമിനിയുടെ ദുരന്തം അങ്ങനെ ഇറാനിൽ ഒരു പ്രക്ഷോഭത്തിന് തിരി കൊളുത്തി. ഇത്തരം പല പ്രക്ഷോഭങ്ങളും ഇറാനിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ പ്രക്ഷോഭം ആളിക്കത്തി ഒരു വിപ്ലവമായി മാറുകയായിരുന്നു. ഈ വിപ്ലവത്തിന്റെ മുദ്രാവാക്യം മറ്റു മുദ്രാവാക്യങ്ങളെക്കാൾ വ്യത്യസ്തവും മനോഹരവും ആയിരുന്നു.

മനുഷ്യചരിത്രത്തിൽ നടന്ന വിപ്ലവങ്ങളിൽ വച്ചേറ്റവും മനോഹരമായ മുദ്രാവാക്യം.

സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം

ഇറാനിലെ ഇസ്ലാമിക ഭരണം എന്തിനൊക്കെ വേണ്ടി നിലകൊള്ളുന്നുവോ, അവയെ എല്ലാം തിരസ്കരിക്കുന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ സ്വീകരിച്ചത്.

സാൻ, സിന്ദഗി, ആസാദി...

സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം എന്ന് ആർത്തുവിളിച്ചു കൊണ്ട് അവർ മതപ്രമാണിമാരെയും അവരുടെ കാടൻ പ്രത്യയശാസ്ത്രത്തെയും വെല്ലുവിളിച്ചു.

ഒരു സമൂഹത്തെ അടിച്ചമർത്താനുള്ള ആദ്യപടി അതിലെ സ്ത്രീകളെ അടിച്ചമർത്തുകയാണെന്ന അതിപുരാതന ആണധികാര മത നിയമം അറിഞ്ഞു കൊണ്ട് പ്രാവർത്തികമാക്കിയവരായിരുന്നു ഇറാനിലെ മത പോലീസ്. ആ അടിച്ചമർത്തലിന്റെ ഏറ്റവും പ്രത്യക്ഷവും ആസൂത്രിതവുമായ നടപടിയായിരുന്നു നിർബന്ധിത ഹിജാബ്. ഞങ്ങൾ ഉൾപ്പെടുന്ന ഇറാനിയൻ ജനത അതിനോടുള്ള വിയോജിപ്പ് ഇവിടെ പ്രകടിപ്പിക്കുകയാണ്.

ഒരു സമൂഹത്തിലെ സ്ത്രീകൾ സ്വതന്ത്രരാകാതെ സമൂഹത്തിനു സ്വതന്ത്രരാകാൻ സാധിക്കില്ലെന്നു ഞങ്ങൾ പ്രഖ്യാപിക്കുന്നു.

 എപ്പോൾ മാത്രമാണോ ഇറാനിയൻ വനിതകൾക്ക് ഇഷ്ടവസ്ത്രം ധരിക്കുവാനും, ഇഷ്ടമുള്ള വ്യക്തികളെ സ്നേഹിക്കുവാനും, ഇഷ്ടമുള്ളത് പറയാനും പ്രവർത്തിക്കുവാനുമുള്ള സ്വാതന്ത്ര്യം കിട്ടുന്നത്, അപ്പോൾ മാത്രമേ ഇറാനിയൻ സമൂഹത്തിനു സ്വാതന്ത്ര്യം അവകാശപ്പെടുവാൻ സാധിക്കുകയുള്ളൂ.

സ്ത്രീകൾക്ക് സ്വയം ഒരു ഇടം കണ്ടെത്താനും, അവർക്കാവേണ്ടത് ആകുവാനും ഇടം കൊടുക്കാത്ത സമൂഹം യഥാർത്ഥത്തിൽ സ്വാതന്ത്രമല്ലെന്നു ഞങ്ങൾ പൂർണമായി വിശ്വസിക്കുന്നു. ഞങ്ങളുടെ സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കാണുന്ന സർക്കാരിനെ ഞങ്ങൾ തിരസ്‌ക്കരിക്കുന്നു. ഈ ലിംഗവിവേചനത്തിന് അറുതി വന്നേ തീരൂ.

ഞങ്ങൾ ജീവനും ജീവിതത്തിനും വേണ്ടി നിലകൊള്ളുന്നു. കാരണം 4 പതിറ്റാണ്ടു കാലത്തെ മത ഭരണം ഞങ്ങൾക്ക് തന്നത് മരണവും നാശവും മാത്രമാണ്. ഭരണത്തിൽ വന്നതിന്റെ ആദ്യ നാളുകളിൽ അവർ ഇറാനികളെ കൊന്നൊടുക്കി, ഇപ്പോൾ കുട്ടികളെയും യുവാക്കളെയും കൊന്നൊടുക്കുന്നു.

ഞങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് മറുപടിയായി ജയിലും വെടിയുണ്ടകളും മാത്രം തന്ന ഈ ഭരണകൂടത്തെ ഞങ്ങൾക്ക് ഇനി വേണ്ട. ഞങ്ങൾക്ക് വേണ്ടത് സാധാരണ ജീവിതമാണ്, സന്തോഷകരമായ ജീവിതമാണ്, സമാധാനപരമായ ജീവിതമാണ്.

ഞങ്ങൾ അധ്വാനിച്ചുണ്ടാക്കുന്ന പണം പോകേണ്ടത് ഇറാക്കിലും സിറിയയിലും ലേബണനിലും ഉള്ള തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലേക്കല്ല. ഉക്രൈനിൽ യുദ്ധവിമാനങ്ങൾ നിർമിച്ചു ജനങ്ങളെ കൊന്നു രാജ്യം നശിപ്പിക്കാനുള്ളതല്ല ഞങ്ങളുടെ പണം. ഇറാനിലെ ഭരണകൂടത്തെ ഭയന്ന് കഴിയുന്ന ഇസ്രായേൽ ജനതയുടെ വ്യാകുലത ഞങ്ങൾക്ക് കാണേണ്ട. ഞങ്ങൾക്കാവശ്യം എല്ലാ ജനങ്ങളും സമാധാനമായി സമരസപ്പെട്ടു കഴിയുന്ന ഒരു ലോകമാണ്. ഞങ്ങളെപ്പോലെ തന്നെ മറ്റുള്ളവരും സന്തോഷമായും സമാധാനപരമായും കഴിയണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.

ഇറാനിലെ ഇസ്ലാമിക ഭരണകൂടം നശിപ്പിച്ചിട്ടുള്ളത് മനുഷ്യരെ മാത്രമല്ല, ഇവിടുത്തെ പ്രകൃതിസമ്പത്തിനെയും വന്യജീവികളെയും കൂടിയാണ്. പുഴുക്കൾ, പ്രാണികൾ, പക്ഷികൾ, മൃഗങ്ങൾ, ഒന്നിനെയും ഇവർ വെറുതെ വിട്ടിട്ടില്ല. തടാകങ്ങളും ചതുപ്പ്‌നിലങ്ങളും നശിപ്പിച്ചു, കാടുകൾ വെട്ടിത്തെളിച്ചു, ഒരുപാടു ജീവജാലങ്ങൾക്കു വംശനാശം സംഭവിച്ചു. ഈ ഭരണകൂടം വരുത്തിവെച്ച അന്ധകാരവും നാശവും ഞങ്ങൾക്ക് അകറ്റണം. ഞങ്ങൾക്ക് വേണ്ടത് ഞങ്ങൾക്ക് സാധാരണ ജീവിതം തരാൻ സാധിക്കുന്ന ഒരു ഭരണകൂടത്തെ ആണ്,  ഞങ്ങളെ പ്രതിനിധീകരിച്ചു ഞങ്ങളെ സമാധാനമായി ജീവിക്കാൻ അനുവദിക്കുന്ന ഒരു ഭരണകൂടത്തെ.

ഞങ്ങൾ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത് അതു ഓരോ മനുഷ്യന്റെയും ജന്മവകാശമായതു കൊണ്ടാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ, പാട്ടു പാടാൻ, നൃത്തം ചെയ്യാൻ, നിയന്ത്രണങ്ങളെ ഭയക്കാതെ എഴുതുവാൻ, സംസാരിക്കുവാൻ,  ഇഷ്ടമുള്ളത് വിശ്വസിക്കാനും ഇഷ്ടമില്ലാത്ത പ്രത്യയശാസ്ത്രങ്ങളെ തിരസ്കരിക്കുവാനും ഉള്ള സ്വാതന്ത്ര്യം.

സാധാരണ മനുഷ്യരെ പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം.. അതു ഏതൊരു മനുഷ്യന്റെയും അവകാശമല്ലേ?

ഇറാനിലെ ഇസ്ലാമിക ഭരണകൂടം നിങ്ങൾ എന്തു വിശ്വസിക്കണമെന്നാണ് ആഗ്രഹിക്കുന്നത്?

ആസൂത്രിതമായ ശ്രമങ്ങളിലൂടെ തങ്ങളുടെ ജനതയെ പാശ്ചാത്യ മാധ്യമങ്ങളിൽ തളച്ചിടുവാനും അവരെ അവയുടെ പ്രചാരകാരക്കുവാനും ആണ് ഭരണകൂടം ശ്രമിച്ചിട്ടുള്ളത്. അവർ പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാനാണ് ഞങ്ങൾ ഈ വെബ്സൈറ്റ് ആരംഭിച്ചത്.

ഞങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുവാൻ നിങ്ങളുടെ സഹായം ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

കുറേക്കാലമായി ഇറാൻ ഭരണകൂടം മിതവാദി/തീവ്രവാദി കഥ പ്രചരിപ്പിക്കുന്നു.

ഫാസ്‌സിസത്തിൽ അധിഷ്ഠിതമായ തീവ്രവാദ സംഘടനയിൽ അത്തരമൊരു ദ്വൈതവാദത്തിന് എന്തു പ്രസക്തി? ഇത്തരം നുണപ്രചരണങ്ങൾ വിലപ്പോകില്ലെന്നു മനസ്സിലായപ്പോഴാണ് അവർ ഇറാനിയൻ ജനതയുടെ നിലപാടിനെ വളച്ചൊടിച്ചു പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്നത്.

മത പോലീസിനെ പിരിച്ചുവിടൽ മാത്രമാണ് ഇറാനിയൻ ജനങ്ങളുടെ ആവശ്യം എന്ന പ്രചരണം തെറ്റാണു. മുഴുവൻ ഭരണവ്യവസ്ഥയും സ്ത്രീവിരുദ്ധവും സ്ത്രീകളുടെ അവകാശങ്ങളെയും അഭിമാനത്തേയും തൃണവൽക്കരിക്കുന്നതുമാണ് എന്നിരിക്കെ ബാഹ്യമായ മിനുക്കുപണികൾ കൊണ്ട് പരിഹാരം ഉണ്ടാകും എന്ന് ഞങ്ങൾ കരുതുന്നില്ല.

ഭരണകൂടത്തിന്റെ പ്രചാരകർ പ്രചരിപ്പിക്കുന്ന വാദം ഇറാനിൽ മത ഭരണകൂടം തകർന്നാൽ ഗൾഫ് രാജ്യങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെടും എന്ന നുണയാണ്.  സത്യം മറ്റൊന്നാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലുതും ധനികരുമായ തീവ്രവാദ സംഘടനയാണ് ഇറാനിലെ ഇസ്ലാമിക ഭരണകൂടം. ഗൾഫ് രാജ്യങ്ങളിൽ മാത്രമല്ല അവർ നാശവും മരണവും വിതച്ചിട്ടുള്ളത്. ഇവരുടെ വെടിയേറ്റ സിറിയയിലെ കുട്ടികൾ, ഇവർ നശിപ്പിച്ച ലേബനൻ, സൗദി അറബിയയും ഇസ്ലാമിക്‌ ഭരണകൂടവും പരസ്പരം യുദ്ധം ചെയ്യുവാനായി തിരഞ്ഞെടുത്ത യെമൻ എന്ന യുദ്ധഭൂമിയിലെ നിർഭാഗ്യവാന്മാരായ ജനങ്ങൾ, ഇവർ പറയും ഇറാൻ ഭരണകൂടത്തിന്റെ ശരിയായ കഥകൾ. ഇറാഖിൽ രാഷ്ട്രിയ സ്ഥിരത വരാതിരിക്കുവാൻ അഹോരാത്രം പരിശ്രമിച്ചു വരികയാണ് ഇറാൻ ഭരണകൂടം. ഇവർ ഉക്രൈനിൽ ഉണ്ടാക്കിയ ഡ്രോൺ വിമാനങ്ങൾ ഇല്ലാതാക്കിയത് ആ രാജ്യത്തെ ജനങ്ങളുടെ വിദ്യുചക്തിയാണ്. ഇറാനിൽ ഇസ്ലാമിക ഭരണകൂടം ഇല്ലാതായാൽ ഗൾഫ് രാജ്യങ്ങൾ മാത്രമല്ല, മുഴുവൻ ലോകവും സമാധാനം എന്തെന്ന് അറിയും.

നിങ്ങൾക്ക് എങ്ങനെ സഹായിക്കാം?

ഞങ്ങൾ, ഇറാനിയൻ ജനത, പൊരുതുന്നത് ഞങ്ങളുടെ എണ്ണയും വാതകവും പിടിച്ചു പറിച്ചു ഞങ്ങളെ തന്നെ ശ്വാസം മുട്ടിക്കുന്ന ഒരു തീവ്രവാദ ഭരണകൂടത്തെയാണ്. അതു കൊണ്ട് തന്നെ നിങ്ങളുടെ ധാർമിക പിന്തുണയാണ് ഞങ്ങൾ അഭ്യർത്ഥിക്കുന്നത്.

ഞങ്ങളുടെ ശബ്ദമാവാൻ ഞങ്ങൾ നിങ്ങളോട്  ആവശ്യപ്പെടുകയാണ്. ദയവു ചെയ്തു ഞങ്ങളുടെ സന്ദേശം നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് അയച്ചു കൊടുക്കുക. ഇസ്ലാമിക ഭരണകൂടം ഇവിടെ കാണിക്കുന്ന അതിക്രമങ്ങളും ഞങ്ങൾ ആവശ്യപ്പെടുന്ന ന്യായമായ ആവശ്യങ്ങളും അവരെ അറിയിക്കുക. നിങ്ങളുടെ രാഷ്ട്രിയ പ്രതിനിധികളെ ഇറാനിലെ സത്യാവസ്ഥ നേരിട്ടോ സോഷ്യൽ മീഡിയ വഴിയോ അറിയിക്കുക. ഇറാനിയൻ മത ഭരണകൂടം കുട്ടികളെ പോലും അരുംകൊല ചെയ്യാൻ മടിക്കാത്ത ഒരു തീവ്രവാദ സംഘടനായാണെന്ന സത്യം കൂടുതൽ ആളുകളുടെ അടുത്ത് എത്തിക്കുക. ഈ ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രതിനിധികളെ നിങ്ങളുടെ രാജ്യങ്ങളിൽ നിന്നും പറഞ്ഞയക്കുവാൻ നിങ്ങളുടെ സർക്കാരുകളെ ബോധ്യപ്പെടുത്തുക. ഒരു പരിഷകൃത രാജ്യവും ഇവരുമായി നയതന്ത്ര ബന്ധങ്ങളിൽ ഏർപ്പെടരുത്.

ഇനി നിങ്ങൾ ജർമ്മനി,, UK, ഫ്രാൻസ് അല്ലെങ്കിൽ അമേരിക്കയിലെ പൗരനാണെങ്കിൽ, നിങ്ങളുടെ നേതാക്കളോട് ഇറാനുമായുള്ള നിഷ്ഫലമായ ആണവ ചർച്ചകൾ അവസാനിപ്പിക്കുവാൻ ആവശ്യപ്പെടുക. അവരുമായുള്ള വാണിജ്യബന്ധങ്ങൾ അവസാനിപ്പിക്കുവാൻ നിങ്ങളുടെ സർക്കാരുകളോടും നിങ്ങളുടെ രാജ്യങ്ങളിലെ വ്യാപരികളോടും ആവശ്യപ്പെടുക. അവരുടെ എണ്ണയും പ്രകൃതിവാതകവും വാങ്ങാതിരിക്കുക. അവരുടെ ഖജനാവിലേക്കു പോകുന്ന ഓരോ നാണയവും ഇറാനിയൻ കുട്ടികളെയും യുവാക്കളെയും നശിപ്പിക്കാനുള്ള ബുള്ളറ്റ് നിർമ്മിക്കുവാനാണ് ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിയുക.

ദയവു ചെയ്തു ഞങ്ങളുടെ ശബ്ദമാവുക!